Thursday, 22 January 2015

കൂറകള്‍ക്ക് മരണമില്ല

(2 സെപ്റ്റംബര്‍, 2014)

വാതില്‍ തുറന്ന് ലൈറ്റിട്ടതും അയാള്‍ ഞെട്ടിപ്പോയി -- എന്തോ തനിയ്ക്കുനേരെ പാഞ്ഞുവരുന്നു! ഓഫീസില്‍വച്ച് മേലധികാരി തന്റെ നേരെ വലിച്ചെറിഞ്ഞ പെന്‍ഡ്രൈവു പോലെ എന്തോ. ചെയ്ത ജോലി ശരിയായില്ലത്രേ. ഇവിടെ താനാര്‍ക്കും ഒരു ജോലിയും ചെയ്ത് പെന്‍ഡ്രൈവിലാക്കിക്കൊടുത്തിട്ടില്ലല്ലോ, എടുത്ത് വലിച്ചെറിയാന്‍. അതു ചിന്തിച്ചപ്പോഴേയ്ക്കും പറന്നു വന്ന സാധനം അയാളുടെ ചുമലില്‍ ഇരുന്നുകഴിഞ്ഞിരുന്നു -- ഒരു കൂറ! കൂറകള്‍ പറക്കുമോ? അയാള്‍ക്ക് സംശയമായി. പ്രായമിത്രയായിട്ടും കൂറകള്‍ പറക്കുന്നത് അയാള്‍ കണ്ടിട്ടില്ല. അവ പറക്കുന്നത് താന്‍ കാണാഞ്ഞതോ അതോ അവയ്ക്ക് ഇന്നലെ വരെ പറക്കാനറിയാഞ്ഞതോ?

കൂറയെങ്കില്‍ കൂറ, തനിയ്ക്കൊരു കൂട്ടായി!

മരുഭൂമിയില്‍ മണലെണ്ണിയിരിയ്ക്കുന്നതിനു തുല്ല്യമാണ് നഗരത്തില്‍ ഐ.ടി. ജോലി ചെയ്യുന്നത്. അതിനിടയ്ക്ക് സ്വയം തണുപ്പിയ്ക്കാന്‍ ബന്ധങ്ങള്‍ വേണം. മനുഷ്യബന്ധങ്ങള്‍ സങ്കീര്‍ണ്ണമാണ്. പ്രോഗ്രാമിങ് ഭാഷകളുടെ സങ്കീര്‍ണ്ണതയ്ക്കിടയില്‍ അതു കൂടി താങ്ങാനാവില്ല. വളര്‍ത്തുമൃഗങ്ങള്‍ക്ക് പരാതികളുണ്ടാവില്ലെങ്കിലും അവയും ബാദ്ധ്യത തന്നെ. അവിടെയാണ് ഇന്റര്‍നെറ്റിലെ പ്രതീതിസൗഹൃദങ്ങളുടെ പ്രാധാന്യം. അങ്ങോട്ടും ഇങ്ങോട്ടും ചിരി മാത്രം. ചിരി വറ്റുമ്പോള്‍ മറ്റൊരു സൈറ്റ്, മറ്റൊരു കൂട്ട്. അവിടെയും ചിരി മാത്രം.

യഥാര്‍ത്ഥജീവിതത്തില്‍ അങ്ങനെ വല്ലതുമുണ്ടോ എന്ന് അന്വേഷിച്ചുനടക്കുമ്പോഴാണ് ഈ കൂറ കൂട്ടിനെത്തുന്നത്. പച്ചക്കുതിരയും കൂറയും പുല്‍ച്ചാടിയുമെല്ലാമാവുമ്പോള്‍ ഇത്തിരി നേരം തോളിലിരുന്ന് പൊയ്ക്കോളും -- അങ്ങോട്ടും ചിരി, ഇങ്ങോട്ടും ചിരി. ചിരി വറ്റുമ്പോള്‍ മറ്റൊരു സൈറ്റ്, മറ്റൊരു കൂട്ട്.

അങ്ങനെ കൂറ അയാളുടെ ഉറ്റസുഹൃത്തായി. പരാതികളില്ലാത്ത, പാരപണിയാത്ത, തെറ്റുകളില്‍നിന്ന് വിലക്കാത്ത നല്ല സുഹൃത്ത്.

ക്രമേണ കൂറയുടെ കൂട്ടുകാരും അവിടെ താമസമായി. വലിയൊരു സുഹൃദ്സംഘം ആ കുടുസ്സുമുറിയില്‍ വളര്‍ന്നു. ഫെയ്സ്ബുക്കിനെക്കാള്‍ വലിയൊരു കൂട്ടായ്മ സൃഷ്ടിയ്ക്കാനായ സന്തോഷത്തില്‍ അയാള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിനെ നോക്കി പല്ലിളിച്ചു.

നാളുകള്‍ കഴിഞ്ഞു. കൂറകള്‍ മറ്റുബന്ധങ്ങളുടെ അതേ സ്വഭാവം എടുത്തുതുടങ്ങി. തന്റെ എന്തിലും ഏതിലും അവ കൈകടത്തുന്നു എന്നു മനസ്സിലായപ്പോഴാണ് താന്‍ ഹാക്കു ചെയ്യപ്പെട്ടെന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞത്.

ആവേശം കൈവിടുമ്പോള്‍പ്പോലും പരമാവധി മൃദുവായി മാത്രം താന്‍ കൈവിരലുകള്‍ വയ്ക്കാറുള്ള അതേ കീബോഡിലാണ് കൂറകള്‍ കൂസലില്ലാതെ ചവിട്ടിനടക്കുന്നത്. പുത്തന്‍തലമുറയില്‍പ്പെട്ട കുറേയെണ്ണമാകട്ടെ, അപ്പുറത്ത് ബീഥോവന്റെ ഒരു സൊണാറ്റ കരണ്ടുതീര്‍ക്കുന്നു. വായിയ്ക്കുന്നെങ്കില്‍ത്തന്നെ ഇ-ബുക്കുകള്‍ മാത്രം വായിയ്ക്കാറുള്ള തന്റെ മൂന്നോ നാലോ കടലാസുപുസ്തകങ്ങള്‍ പുരാരേഖകളുടെ രൂപത്തിലായിരിയ്ക്കുന്നു.

ഇടയ്ക്ക് കമ്പ്യൂട്ടറിനുള്ളില്‍നിന്ന് ഇറങ്ങിവരുന്ന അവ തന്റെ രഹസ്യരേഖകള്‍ മോഷ്ടിയ്ക്കാന്‍ വന്ന സൈബര്‍ ചാരന്മാരാണോ എന്നയാള്‍ ഭയന്നു. തോലുപൊളിച്ച് മിഠായി തിന്നാന്‍ അറിയാവുന്ന അവയ്ക്കുമുന്നില്‍ എന്‍ക്രിപ്ഷന്‍ വിലപ്പോവില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.

തീറ്റ പുറത്തുനിന്നായതിനാല്‍ അതു മാത്രം പേടിയ്ക്കേണ്ട. പെട്ടെന്നാണ് കൂറകളോടിനടക്കുന്ന ഭക്ഷണശാലയുടെ അടുക്കള അയാളുടെ മനസ്സില്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെ വരുന്നതിനു മുമ്പേ തന്നെ അവിടെയുമെത്തിയിട്ടുണ്ടാവില്ലേ അവ?

കൂറകളെ തുരത്താനുള്ള ആന്റിമാല്‍‌വെയര്‍ അന്വേഷിച്ച് അയാള്‍ കുറേ സൈറ്റുകള്‍ കയറിയിറങ്ങി. അവയെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ കമ്പ്യൂട്ടറില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ കൂറകള്‍ പുറത്തേയ്ക്കിറങ്ങിവന്നു. ഒടുവില്‍ ഒരു പെട്ടിക്കടയില്‍നിന്നാണ് നാഫ്‌ത്തലീന്‍ ഗുളികയുടെ പാക്കറ്റ് കിട്ടിയത്. അലമാരയിലും കുളിമുറിയിലും അങ്ങുമിങ്ങുമെല്ലാം ഓരോന്നെടുത്തു വച്ചിട്ട് അയാള്‍ സുഖമായുറങ്ങി.

കൂറകള്‍ നാഫ്‌ത്തലീന്‍ ഗുളിക നൊട്ടിനുണയുന്നതായിരുന്നു പിറ്റേന്നു രാവിലെ അയാള്‍ കണ്ട കാഴ്ച. ഒരു ഗുളിക കഴിഞ്ഞാല്‍ അടുത്തതെവിടെ എന്ന അന്വേഷണത്തിലാവും അവ. വായിലേയ്ക്കു വച്ചുതന്നതുമാത്രം തിന്നു ശീലിച്ച അയാള്‍ക്ക് അതൊരു പുതിയ അനുഭവമായി. വിഷം തിന്നുമ്പോഴും ആര്‍ത്തികാണിയ്ക്കുന്ന അവയോട് അയാള്‍ക്ക് സഹതാപവും തോന്നി.

പിറ്റേന്നും കൂറകള്‍ ആറുകാലില്‍ നടക്കുന്നതുകണ്ടപ്പോള്‍ അയാള്‍ക്ക് അതിശയമായി. അവസാനശ്വാസത്തില്‍ അയാളെ ശപിയ്ക്കേണ്ട അവ താളാത്മകമായ ശ്വാസത്തോടെ തന്നെ കൂടുതല്‍ ഗുളികകള്‍ ആവശ്യപ്പെടുകയാണ്. തലേന്നു തന്നതിന്റെ എണ്ണം കുറഞ്ഞതിന് പരാതിപ്പെടുകയാണ്. ശല്യക്കാരായിത്തീര്‍ന്ന ആ പഴയ കൂട്ടുകാര്‍ ഇതാ പരാതിക്കാരുമായിരിയ്ക്കുന്നു!

നാഫ്‌ത്തലീന്‍, കുട്ടികള്‍ക്കുള്ള നാരങ്ങാമിഠായിയില്‍ ചേര്‍ത്താല്‍ വില്‍പ്പന കൂടുമെന്ന് കമ്പനിയ്ക്ക് ഇ-മെയിലയച്ച അയാള്‍ കൂടുതല്‍ വീര്യമുള്ള എന്തെങ്കിലും തിരഞ്ഞ് പുറത്തേയ്ക്കിറങ്ങി.

വൈകാതെതന്നെ സ്പ്രേ രൂപത്തിലുള്ള കൂറസംഹാരിയുടെ പരസ്യം അയാളെത്തേടിയെത്തി. അതിന്റെ നിറവും ശബ്ദവുമെല്ലാം ഒരു രാജവെമ്പാലയെ ഓര്‍മ്മിപ്പിച്ചു. ഉടനെതന്നെ കടയില്‍ക്കയറി അതു വാങ്ങിയ അയാള്‍ ബാക്കി വാങ്ങാന്‍ പോലും കൂട്ടാക്കാതെ മുറിയിലേയ്ക്കോടി. തീയണയ്ക്കാനുള്ള കുറ്റി ചീറ്റും പോലെ അവിടമാകെ അടിച്ചു. കുറേ ദേഹത്തും പൂശി -- അവറ്റയിനി ചുമലില്‍ക്കയറേണ്ട!

കൂറയെക്കൊല്ലാനുള്ള മരുന്നിന്റെ പേര് അപ്പോഴാണയാള്‍ ശ്രദ്ധിച്ചത്. മൂന്നക്ഷരമുള്ള അത് കണ്ടപ്പോള്‍ അയാള്‍ക്ക് ത്രിമൂര്‍ത്തികളെ ഓര്‍മ്മവന്നു. ഒരാള്‍ മാത്രമേ കൊല്ലുന്നവനായുള്ളൂ; ബാക്കി രണ്ടും സൃഷ്ടിച്ചുപരിപാലിയ്ക്കുന്നവരാണ്. ഈ മരുന്നും അതുതന്നെയാവുമോ ചെയ്യുക?

പക്ഷേ ഇക്കുറി കൂറകള്‍ ക്ഷീണിയ്ക്കുക തന്നെ ചെയ്തു. വിഷക്കാറ്റേറ്റ് അവ പാഞ്ഞുനടന്നു. കുറേയെണ്ണം ചത്തുമലച്ചു. അങ്ങനെ സമാധാനം തിരിച്ചെത്തി. അയാള്‍ക്ക് ഉറക്കം വീണ്ടുകിട്ടി.

എന്നാല്‍ ക്രമേണ തന്റെ ഉറക്കം കുറയുന്നത് അയാള്‍ തിരിച്ചറിഞ്ഞു. കണ്ണുകള്‍ക്ക് ഭാരമേറുന്നുണ്ടെങ്കിലും അടയ്ക്കാനാവുന്നില്ല. ചത്ത കൂറകളുടെ ചോര മുഴുവന്‍ കണ്ണില്‍ തളംകെട്ടിക്കിടക്കുന്നു. മൂക്കിലാണെങ്കില്‍ ആ മരുന്നിന്റെ മണം മാത്രം. അപ്പോള്‍ അയാളുടെ അന്ത്യശുശ്രൂഷയ്ക്കെന്നോണം എങ്ങുനിന്നോ അനേകമനേകം കൂറകളെത്തി. വിഷത്തെ സുഗന്ധലേപനമാക്കിക്കഴിഞ്ഞിരുന്ന അവ സ്പ്രേയും പൂശി അയാളുടെ മരണം കാത്തിരിപ്പായി.

No comments:

Post a Comment