Wednesday, 21 January 2015

ആപ്പിലാവുന്നു നാം

പുല്ലും കായും വേരും തിന്നാ-
ക്കാട്ടില്‍ പാറിനടന്നപ്പോള്‍
എന്തൊരു ശാന്തിയിലെന്നോ,
ജീവിതമെത്ര കനം കുറവെന്നോ!
തെളിഞ്ഞ മണ്ണില്‍ മെലിഞ്ഞ കോലാല്‍
വരഞ്ഞു നമ്മള്‍ ചിത്രങ്ങള്‍
കളങ്കമില്ലാ ഭാവന പീലിച്ചിറകുവിടര്‍ത്തി
വരുംനേരം
വരണ്ട മണ്ണില്‍ നീര്‍ക്കുത്തെന്നോ,
പറന്നുപോയെന്നോ നമ്മള്‍!

പുത്തന്‍വിദ്യകളോരോന്നായി
പുഞ്ചിരി തൂകി വരുന്നല്ലോ!
ആകാശത്തിന്‍ വട്ടം വീണ്ടും
ദൂരേക്കാവുകയാണല്ലോ!
കയ്യിലൊതുങ്ങും കമ്പ്യൂട്ടറുമായ്
ശാസ്ത്രം നമ്മെയിരുത്തുന്നു
ലോകം മുഴുവന്‍ പാറാന്‍ ചിറകുക-
ളുള്ളം കയ്യില്‍ തെളിയുമ്പോള്‍
ചിറകുമുറിഞ്ഞ കടല്‍ക്കാക്കളായ്
വെറുതെയിരിപ്പൂ നാമെല്ലാം!

വാമൊഴി, വരമൊഴി, പെരുവഴിതാണ്ടീ-
ട്ടറിവുപകര്‍ന്ന ചരിത്രത്തെ
പാടേതള്ളിക്കൊണ്ടിട്ടുഗ്രന്‍
ഡേറ്റാവീഥി വരും നേരം
അക്ഷരമെങ്ങനെ പൂട്ടിയിടാമെന്ന-
ക്ഷമരായിയൊട്ടൊരു കൂട്ടര്‍!
അറിവുണ്ടാക്കിയതവരാണത്രേ,
അവരുടെ സ്വത്തായ് തീര്‍ന്നത്രേ!

വമ്പന്മാരുടെ തോളിലിരുന്നേ കാണ്മതു
പുത്തന്‍ മലനിരകള്‍
വമ്പു നമുക്കോ, മേലെച്ചെല്ലാന്‍
കോണിപ്പടികള്‍ വേണ്ടത്രേ!
ആപ്പിളു തലയില്‍ വീണാലുണ്ടാം
കോപ്പല്ലല്ലോ കണ്ടെത്തല്‍
ആശയിലദ്ധ്വാനത്തിന്‍ നടുവില്‍
നീറിനടന്നീച്ചെന്നെത്തല്‍!
കുത്തകയാക്കാം വില്പന,യെന്നാല്‍
കത്തിപ്പടരും വിജ്ഞാനം!
ഇത്തിരിവട്ടം ഡിസ്കിലിരിക്കുമതെന്നേ
പറയുവതജ്ഞാനം!

താടിവളര്‍ത്തി ചിന്തയിലമരും
ബുദ്ധര്‍ക്കാവക പ്രശ്നങ്ങള്‍
പാവങ്ങള്‍ക്കീ കോപ്പിറൈറ്റും
ലെഫ്റ്റും കോപ്പും നോക്കേണ്ട!
ബാറ്ററിയില്ലാ, കവറേജില്ലാ,
ലോഡായൊന്നുവരുന്നില്ല!
ആയിരമായിരമുണ്ടു പരാതിക-
ളാധികളുണ്ടൊരു നൂറെണ്ണം

ജീവിതമങ്ങനെ ശോഭനമാക്കാന്‍
ആപ്പുനിരന്നുവരുംനേരം
ആപ്പില്‍പ്പെട്ടേ പോവുകയല്ലോ
പ്രശ്നങ്ങളുമായ് നാമെല്ലാം!
ഒരുനേരത്തെ ചോറിനുവേണ്ടി
പെരുതായ് പലതും ചെയ്യുന്നു
പലനേരത്തെയുറക്കം കെട്ടു
മുഷിഞ്ഞുതളര്‍ന്നീ നരജന്മം!

ഇരുണ്ട ഭൂഖണ്ഡത്തില്‍ മുടിയിഴ
ചുരുണ്ടിരിക്കും മാനവരേ,
അറിയേണ്ടല്ലോ നിങ്ങള്‍ക്കീവക
കെട്ടും മട്ടും പൊല്ലാപ്പും!
ശാസ്ത്രം സമ്മാനിക്കും തീരാ-
പ്രശ്നങ്ങള്‍ തന്‍ മാറാപ്പും!

No comments:

Post a Comment